കൊട്ടിക്കലാശം: തിരുവനന്തപുരത്തും കൊല്ലത്തും സംഘര്‍ഷം

തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Update: 2019-04-21 19:02 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തില്‍ തെക്കന്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം മാത്രമാണുണ്ടായതെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. കരുനാഗപ്പള്ളിയില്‍ സി.പി.എം - ബി.ജെ.പി സംഘർഷമുണ്ടായി. പരാജയഭീതി പൂണ്ട സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കലാശക്കൊട്ടില്‍ മുന്നണികളെല്ലാം വാശിയോടെ അണിനിരന്നപ്പോള്‍ പലയിടങ്ങളിലും അത് ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അഞ്ച് മണിക്ക് കൊട്ടിക്കലാശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കഴക്കൂട്ടത്ത് ബി.ജെ.പി - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് നേരെ ചെരിപ്പെറിഞ്ഞെന്ന് ആരോപണത്തെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്.

കലാശക്കൊട്ടിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സി.പി.എം - ബി.ജെ.പി സംഘർഷമുണ്ടായി. പോലീസ് ലാത്തിവീശി.നിരവധി വാഹനങ്ങൾ തകർന്നു. ആർഎസ്എസ് പ്രവർത്തകനായ കരുനാഗപ്പള്ളി സ്വദേശി ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴയിലുണ്ടായ സംഘർഷത്തിലും കല്ലേറിലും ലാത്തിച്ചാർജിലും പൊലീസുകാരുള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

Full View

കോൺഗ്രസിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണം. പിന്നീട് സി.പി.എം - ബി.ജെ.പി സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തിചാർജ് നടത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. എറണാകുളത്ത് സി.പി.എം - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലും തൊടുപുഴയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി.

Tags:    

Similar News