ആവേശത്തിരയില്‍ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി
ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.
തൃശൂർ പൂരത്തിന് കൊടിയേറ്റം. തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നു. കൊടിയേറ്റത്തിന് സാക്ഷികളാവാൻ നിരവധി പേരാണ് പൂരനഗരിയിലേക്കെത്തിയത്. 11.20 നായിരുന്നു തിരുവമ്പാടിയിലെ കൊടിയേറ്റം. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരൻ നമ്പൂതിരിപ്പാട് കൊടിമര പൂജക്ക് നേതൃത്വം നൽകി. തുടർന്ന് ദേശക്കാർ കൊടി ഉയർത്തി. തൊട്ടു പിറകെ 12.05 ഓടെ പാറമേക്കാവിൽ കൊടിയേറ്റം.
കൊടിയേറ്റത്തിന് ശേഷം മേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗം ആറാട്ടിനായി ബ്രഹ്മസ്വം മഠത്തിലേക്ക്. പാറമേക്കാവ് വിഭാഗം വടക്കും നാഥ ക്ഷേത്രത്തിലേക്കും.അതിനിടെ പൂര പ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി. വെടിക്കെട്ടിൽ ഓലപ്പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രിം കോടതിയുടെ അനുമതി.
ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ക്യാരിബാഗ് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി തുടങ്ങി. ഈ മാസം 11നാണ് സാമ്പിള്‍ വെടിക്കെട്ട്.