തൃശൂര്‍ പൂരം; അപകടാവസ്ഥയിലുള്ള ആനകള്‍ക്ക് വിലക്ക്
12 മുതല്‍ 14 വരെ മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുത്.
മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകളെ പൂര ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ജില്ലാ കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.
മെയ് 11 മുതല്‍ പതിനാല് വരെയാണ് അപകടാവസ്ഥയിലുള്ള ആനകള്‍ക്ക് വിലക്ക്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അസിസ്റ്റസ്റ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ ഇത്തരം ആനകളെ പരിശോധിക്കും. ഇത്തരം ആനകളെ സ്ഥിരം പാപ്പാന്‍മാര്‍ അല്ലാത്തവര്‍ കൈകാര്യം ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി -പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് വെടിക്കെട്ടിനുള്ള സമയം ക്രമീകരിച്ചതായും കലക്ടര്‍ പറഞ്ഞു.
പൂരത്തിന്റെ പന്തല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങല്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തും. വെടിക്കെട്ട് സമയത്ത് നൂറ് മീറ്റര്‍ ചുറ്റളവില്‍ പൊതു ജനങ്ങളെ പ്രവേശിപ്പിക്കില്ല. വെടിക്കെട്ട് സ്ഥലത്തും ആള്‍ക്കൂട്ടം തടിച്ച് കൂടുന്ന സ്ഥലത്തും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ക്ക് പ്രത്യേക ചുമതല നല്‍കും. വെടിക്കെട്ട് സാമഗ്രികള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കും. ഇത്തവണ പൂരത്തിന് പ്രത്യേക സുരക്ഷ ഉണ്ടാകുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.