'എം.എം ഹസന് മാനസിക രോഗമുണ്ടാകും'; കോൺഗ്രസിലേക്ക് ക്ഷണിച്ചതിൽ ഇ.പി ജയരാജൻ
ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും കോൺഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു എം.എം ഹസന്റെ പരാമർശം.
പാലക്കാട്: യുഡിഎഫ് കൺവീനർ എം.എം ഹസൻ പാർട്ടിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ. ഹസന് മാനസിക രോഗമുണ്ടാകുമെന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും കോൺഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു എം.എം ഹസന്റെ പരാമർശം.
ആത്മനൊമ്പരങ്ങളുടെ കഥയാണ് ഇ.പി ജയരാജൻ്റേതായി പുറത്തുവന്നത്. അദ്ദേഹത്തിന് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചുവെന്നും എം.എം ഹസൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പാർട്ടി വിടാൻ തീരുമാനിക്കുകയും യുഡിഎഫ് പോലുള്ള മതേതര ജനാധിപത്യ സംവിധാനവുമായി സഹകരിക്കാൻ തയ്യാറാവുകയും ചെയ്താൽ ഞങ്ങൾ ആലോചിക്കും, അതിലെന്താ പ്രശ്നമെന്നും ഹസൻ കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ആത്മകഥ പ്രസീദ്ധികരിക്കുന്നതിന് ആരുമായും കരാറില്ലെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ഇ.പി ജയരാജൻ. വഴിവിട്ട എന്തോ നടന്നിട്ടുണ്ട്, ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയെ കാണിച്ച് അനുവാദം വാങ്ങും. ഭാഷാശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അയാളിൽ നിന്ന് അവ ചോരില്ലെന്നാണ് വിശ്വാസമെന്നും ഇ.പി ജയരാജൻ പാലക്കാട്ട് പറഞ്ഞു.