അമ്പൂരി കൊലപാതകം: പ്രതികളുടെ പിതാവിന് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന
അമ്പൂരി രാഖി വധക്കേസില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു.
അമ്പൂരി രാഖി വധക്കേസില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.
കൂടാതെ കൊല നടത്തി രണ്ടാം ദിവസം രാഹുല്‍ ബോധരഹിതനായി വീണിരുന്നു. ഈ സമയത്ത് രാഹുലും കാര്യങ്ങള്‍ അച്ഛനെ അറിയിച്ചതായും സംശയമുണ്ട്.
അതിനാല്‍ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യം അന്വേഷിക്കാനാണ് തീരുമാനം. അതേസമയം പിടിക്കപ്പെടുമെന്നായതോടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നതായും പ്രതികള്‍ മൊഴി നല്‍കി.
തിരുവനന്തപുരം പൂവാറിൽ നിന്നും കഴിഞ്ഞ മാസം കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. യുവതിയുടെ സുഹൃത്തും സൈനികനുമായ അഖിലിന്‍റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതി അഖിലും രണ്ടാം പ്രതി സഹോദരന്‍ രാഹുലുമാണ്. അഖിലിന്‍റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായതോടെയാണ് യുവതിയെ കൊലപാതക വിവരം പുറത്തുവന്നത്.