ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയത് മാധ്യമ സൃഷ്ടിയെന്ന മന്ത്രിയുടെ വാദം തെറ്റ്
ശമ്പളം വർദ്ധിപ്പിക്കാനുള്ള നടപടി ക്രമത്തിന് മന്ത്രിയുടെ അനുമതി ഉണ്ടായിരുന്നു
കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കുന്നുവെന്ന വാര്‍ത്ത അഭ്യൂഹമാണെന്ന വ്യവസായമന്ത്രി ഇ.പി ജയരാജന്‍റെ വാദം തെറ്റ്. മന്ത്രിയുടെ അറിവോടെയാണ് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമെന്ന് രതീഷ് ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ നിന്ന് തന്നെ വ്യക്തം. ഇതോടെ മന്ത്രി നല്‍കിയ വിശദീകരണം പൊളിഞ്ഞു.
കശുവണ്ടി വികസന കോര്‍പറേഷനില്‍ ക്രമക്കേട് നടത്തിയതായി ആരോപണം നേരിടുന്ന രതീഷ് നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ്. രതീഷിന്‍റെ ശമ്പളം എണ്‍പതിനായിരത്തില്‍ നിന്നും 175000 ആക്കി ഉയര്‍ത്താനായിരുന്നു നീക്കം. ഇത് പുറത്ത് വന്നതോടെയായിരുന്നു എല്ലാം അഭ്യൂഹമെന്ന ജയരാജന്‍റെ പ്രതികരണം.
ഇനി കെ.എ രതീഷ് തന്‍റെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രമേയത്തിന് അംഗീകാരം തേടി ഖാദി ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്ത് കാണുക. കത്ത് തുടങ്ങുന്നത് തന്നെ ചെയര്‍മാന്‍റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമാക്കിയാണ്. മന്ത്രി ഇ.പി ജയരാജനാണ് ഖാദി ബോര്‍ഡ് ചെയര്‍മാന്‍. കത്ത് അവസാനിപ്പിക്കുന്നതും ബോര്‍ഡ് യോഗം ചേരാതെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കുന്നതിനും ചെയര്‍മാന്‍ അനുമതി നല്‍കിയിട്ടുള്ളതായി വ്യക്തമാക്കിയാണ്. ഇതില്‍ നിന്നും മന്ത്രിയുടെ വിശദീകരണം യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് കൂടി വ്യക്തമായി.