ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എക്കെതിരെ നടപടിക്ക് സാധ്യത
നിക്ഷേപകരുമായുള്ള പ്രശ്നം തീര്‍ക്കുമെന്ന കമറുദ്ദീന്‍റെ വാഗ്ദാനം നടപ്പാക്കാനായില്ലെങ്കില്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എക്കെതിരെ നടപടിക്ക് സാധ്യത. നിക്ഷേപകരുമായുള്ള പ്രശ്നം തീര്‍ക്കുമെന്ന കമറുദ്ദീന്‍റെ വാഗ്ദാനം നടപ്പാക്കാനായില്ലെങ്കില്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് മഞ്ചേശ്വരം എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയാണ് യു.ഡി.എഫ് നേതൃത്വം നല്‍കുന്നത്. നിക്ഷേപകരുടെ ബാധ്യത പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. കമറുദ്ദീനെതിരെ നടപടിയുണ്ടാകുമെന്ന് ലീഗ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ലീഗ് നടപടിയെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതിനിടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പുതുതായി രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഒരു കോടി 15 ലക്ഷം രൂപ നിക്ഷേപിച്ചു തിരികെ ലഭിച്ചില്ലെന്നാണ് ചെറുവത്തൂർ സ്വദേശിയുടെ പരാതി. 2016ൽ നിക്ഷേപിച്ച 10 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന ഉദുമ സ്വദേശിയുടെ പരാതിയിൽ കാസർകോട് പൊലീസും കേസെടുത്തു. ഇതോടെ ഫാഷൻ ഗോൾഡിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 97 ആയി.