'സ്വന്തം പാർട്ടിയിലെ സിപിഎം സ്ലീപിങ് സെല്ലിനാൽ വേട്ടയാടപ്പെട്ടയാളാണ് സമസ്തക്കെതിരെ പറയുന്നത്'-കെ.എം ഷാജിക്കെതിരെ ഒളിയമ്പുമായി സത്താർ പന്തല്ലൂര്‍
ഖാദി ഫൗണ്ടേഷൻ വേണമെന്നാണ് താനും ജിഫ്രി തങ്ങളും പറഞ്ഞതെന്ന് മുക്കം ഉമര്‍ ഫൈസി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ ഒളിയമ്പുമായി സമസ്ത യുവനേതാവ് സത്താർ പന്തല്ലൂർ. സ്വന്തം പാർട്ടിയിലെ സിപിഎം സ്ലീപിങ് സെല്ലിനാൽ വേട്ടയാടപ്പെട്ടയാളാണ് സമസ്തയിലെ സ്ലീപിങ് സെല്ലിനെ കുറിച്ചു പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കോഴിക്കോട് മുതലക്കുളത്ത് എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടത്തിയ ആദർശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സത്താർ.
സമസ്തയിൽ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുണ്ടെന്നാണു പറയുന്നതെന്നും വളരെ മോശമായ പ്രയോഗമാണ് നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം പാർട്ടിയിലെ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലിനാൽ വേട്ടയാടപ്പെട്ടയാളാണ് ഇതു പറയുന്നത്. അതിന്റെ പേരിൽ മാസങ്ങളോളം കോടതി കയറി നടക്കുകയായിരുന്നു. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു വിരൽ സ്വന്തം നേർക്കാണു ചൂണ്ടുന്നതെന്നു മനസിലാക്കുന്നതു നല്ലതാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ തന്റെ വിമർശനം മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചടങ്ങിൽ മുക്കം ഉമർ ഫൈസി പറഞ്ഞു. ഖാദി ഫൗണ്ടേഷൻ വേണമെന്നാണ് ഞാനും ജിഫ്രി തങ്ങളും പറഞ്ഞത്. സാദിഖലി തങ്ങൾ ഖാസിയല്ലാത്ത മഹല്ലുകളും ഖാദി ഫൗണ്ടേഷനിൽ അംഗമാകുന്നതിനെയാണ് എതിർത്തത്. സമസ്ത തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
Summary: Samastha youth leader Sathar Panthaloor criticizes Muslim League leader KM Shaji