നമ്പര്‍ അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; കൊണ്ടോട്ടി ആര്‍.ടി ഓഫീസിലെ ആദ്യ ലേലത്തെ ചൊല്ലി വിവാദം
ഓണ്‍ലൈനായി നടന്ന നമ്പര്‍ ലേലത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നമ്പര്‍ അനുവദിച്ചതെന്നാണ് ലേലത്തില്‍ പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി റൌഫിന്‍റെ പരാതി
കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസില്‍ നിന്നും ആദ്യ നമ്പർ അനുവദിച്ചതിനെച്ചൊല്ലി വിവാദം. ഓണ്‍ലൈനായി നടന്ന നമ്പര്‍ ലേലത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നമ്പര്‍ അനുവദിച്ചതെന്നാണ് ലേലത്തില്‍ പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി റൌഫിന്‍റെ പരാതി . സംഭവത്തില്‍ അന്വേഷണം വേണമെന്നും പുനര്‍ ലേലം നടത്തണമെന്നുമാണ് പരാതിക്കാരന്‍റ ആവശ്യം .
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒരാഴ്ച മുമ്പാണ് കൊണ്ടോട്ടിയില്‍ സബ് റിജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആരംഭിച്ചത്. പുതിയ ഓഫീസിലെ ആദ്യ വാഹന രജസ്ട്രേഷനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. കെ എല്‍ 84 വണ്‍ എന്ന നമ്പറിനായി ലേലം സംഘടിപ്പിച്ചത്.രണ്ട് പേരാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഒടുവില്‍ അവശേഷിച്ചത്. ലേലം പുരോഗമിക്കവേ ലേലം നടന്നിരുന്ന ഓണ്‍ലൈന്‍ സൈറ്റ് നിശ്ചലമായെന്നും തുടര്‍ന്ന് പങ്കെടുക്കാനായില്ലെന്നുമാണ് പരാതി.
അധികൃതരെ പരാതി അറിയിച്ചെങ്കിലും പിന്നീട് മാധ്യമ വാര്‍ത്തകളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ വിവരം അറിഞ്ഞുവെന്നും യുവാവ് പറയുന്നു. ഒമ്പത് ലക്ഷത്തി ആയിരം രൂപക്കാണ് കൊണ്ടോട്ടി സബ്റിജീയണല്‍ ഓഫീസിലെ ആദ്യ രജിസ്ട്രേഷന്‍ നടന്നത്. എന്നാല്‍ അതിലും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ നമ്പര്‍ വിളിക്കാന്‍ തയ്യാറാണെന്നും പുനര്‍ ലേലം നടത്തണമെന്നുമാണ് യുവാവിന്‍റെ ആവശ്യം.