വയനാട് ഏറ്റുമുട്ടൽ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തം
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വേൽമുരുകന്‍റെ കുടുംബം വയനാട് ജില്ലാ കോടതിയെ സമീപിക്കും
വയനാട് പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് വേൽമുരുകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വേൽമുരുകന്‍റെ കുടുംബം വയനാട് ജില്ലാ കോടതിയെ സമീപിക്കും. കുടുംബത്തിന് പിന്തുണയറിയിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും രംഗത്തെത്തി.
പടിഞ്ഞാറത്തറ വാളാരം കുന്നിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശക്തമായത്. വേൽമുരുകന്‍റെ കുടുംബവും ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത് . ഏറ്റുമുട്ടൽ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം വയനാട് ജില്ലാ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുടുംബത്തിന് പിന്തുണയുമായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും രംഗത്തെത്തി. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 8 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത് . നേരത്തെ മഞ്ചിക്കണ്ടിയിലും നിലമ്പൂരിലും നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ മജിസ്റ്റീരിയൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുടുംബവും മനുഷ്യാവകാശപ്രവർത്തകരും ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിർക്കുന്നത് .
2019 മാർച്ച് 6 ന് വയനാട്ടിലെ തന്നെ വൈത്തിരിയിൽ സി.പി ജലീൽ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിൽ ഫോറൻസിക് റിപ്പോർട്ട് പൊലീസ് വാദങ്ങൾക്ക് ഏതായിരുന്നു. ജലീലിന്‍റെ തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ലെന്ന റിപ്പോർട്ട് മുൻ നിർത്തിയാണ് ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം ശക്തമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.