ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നത് തുടരും

തെളിവുകൾ ശേഖരിക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം അംഗീകരിച്ച് കമറുദ്ദീനെ ഇന്നലെ ഹോസ്ദുർഗ് കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു

Update: 2020-11-10 01:05 GMT
Advertising

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നത് തുടരും. തെളിവുകൾ ശേഖരിക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം അംഗീകരിച്ച് കമറുദ്ദീനെ ഇന്നലെ ഹോസ്ദുർഗ് കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു.

ഫാഷൻ ഗോൾഡ് ചെയർമാനായ എം.സി കമറുദീൻ എം.എൽ.എയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. സ്ഥാപനങ്ങളുടെ ആസ്ഥികൾ സംബന്ധിച്ചാവും ചോദ്യം ചെയ്യൽ. ഫാഷൻ ഗോൾഡിന്‍റെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ വ്യക്തികളുടെ പേരിൽ ആസ്ഥികൾ വാങ്ങിയതിനെ കുറിച്ചും വിവരം തേടും. സ്ഥാപനങ്ങളുടെ രേഖകളും, അടച്ചു പൂട്ടുന്ന സമയത്തുണ്ടായിരുന്ന സ്വർണ്ണവും കണ്ടെത്തുന്നതിനായി കമറുദ്ദീനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

അതേസമയം ഒളിവിൽ പോയ മാനേജിംഗ് ഡയരക്ടർ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, ബന്ധു സൈനുൽ ആബിദീൻ എന്നിവരെ അന്വേഷണ സംഘത്തിന് ഇത് വരെ പിടികൂടാനായിട്ടില്ല. ഇവർക്കായി കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഈ മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡയറക്ടർമാരുൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 118 കേസുകളിൽ 77 എണ്ണമാണ് എസ്.ഐ.ടിക്ക് ഇത് വരെ കൈമാറിയത്. ഇതിൽ 3 കേസിലാണ് അറസ്റ്റ്. രണ്ടു ദിവസത്തിനിടെ മറ്റു ചില കേസുകളിൽ കുടി കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

Tags:    

Similar News