പാലാരിവട്ടം പാലമെന്ന പഞ്ചവടിപ്പാലം; നാള്‍വഴികള്‍
എന്നാല്‍ പാലം തുറന്ന് ഒരു വര്‍ഷത്തിനകം തന്നെ കുഴികള്‍ രൂപപ്പെട്ടു
ദേശീയപാത 66ഉം സംസ്ഥാന പാതയും ഒന്നിക്കുന്ന പാലാരിവട്ടത്തെ ഗതാഗതകുകരുക്കിന് പരിഹാരമായിട്ടാണ് 2013 ല്‍മേല്‍പ്പാലം നിര്‍മ്മിച്ചത്. എന്നാല്‍ പാലം തുറന്ന് ഒരു വര്‍ഷത്തിനകം തന്നെ കുഴികള്‍ രൂപപ്പെട്ടു. പീന്നീട് നടന്ന അന്വേഷണങ്ങളിലൂടെ കേരളംഅറിഞ്ഞത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന കെടുകാര്യസ്ഥയുടേയും അഴിമതികളുടേയും കഥകളാണ്.
2013ലാണ് പാലാരിവട്ടം ബൈപ്പാസില്‍ മേല്‍പാലം നിര്‍മ്മിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2014 ല്‍ നിര്‍മ്മാണം ആരംഭിച്ചു. ദേശീയപാതാ അതോറിറ്റിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് നിര്‍മ്മാണ ചുമതല നല്‍കി. രൂപകല്‍പ്പനയും നിര്‍മ്മാണ മേല്‍നോട്ടവും സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയ്ക്കും. ഗുജറാത്ത് ആസ്ഥാനമായ ആര്‍.ഡി.എസ് പ്രോജക്ട്സിനായിരുന്നു നിര്‍മ്മാണ കരാര്‍. 47. 7 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. രണ്ടു വര്‍ഷത്തിനുശേഷം 2016 ഒക്ടോബറിൽ പാലാരിവട്ടം മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 750 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചത്. 2017 ജൂലൈയില്‍ പാലത്തില്‍ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയില്‍പ്പെട്ടു.
പാലത്തില്‍ കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശധനക്കായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തി. 2019 മാര്‍ച്ച് 27ന് ഐ.ഐ.ടി. പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് മെയ് ഒന്നാം തീയതിയോടെ പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. മുഖ്യമന്ത്രി മെട്രോമാന്‍ ഇ.ശ്രീധരനെ കൂടുതല്‍ പരിശോധനക്കായി നിയമിച്ചു. പാലം പുതുക്കി പണിയണമെന്ന് ഇ ശ്രീധരനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടു. കേസിന്‍റെ ആദ്യ ഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി.ഒ സീരജ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേർത്തു. 2019 ജൂണില്‍ ആദ്യ എഫ്.ഐ.ആര്‍ കോടതിയില്‍. 2020 മാര്‍ച്ച് 3 ന് ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് എഫ്.ഐ. ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ സമർപ്പിച്ചു.