ശബരിമലയിലെ പ്രസാദം ഇനി തപാൽ വഴി
പോസ്റ്റ് ഓഫിസുകളിൽ പണമടച്ചാൽ പ്രസാദം വീട്ടിലെത്തുന്നതാണ് പദ്ധതി
ശബരിമല സന്നിധാനത്തെ പ്രസാദം ഇനി മുതൽ രാജ്യത്തെവിടെയും ലഭ്യമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പോസ്റ്റ് ഓഫിസുകളിൽ പണമടച്ചാൽ, പ്രസാദം വീട്ടിലെത്തുന്നതാണ് പദ്ധതി.
കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ, ആയിരക്കണക്കിന് ഭക്തർക്ക് സന്നിധാനത്തെത്താൻ സാധിക്കാത്ത അവസ്ഥയുണ്ട്. എല്ലാ വർഷവും ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് മടങ്ങുന്നവർക്ക് ഇത്തവണ പ്രസാദമെങ്കിലും എത്തിയ്ക്കാനാണ് ദേവസ്വം ബോർഡിന്‍റെ ശ്രമം. കേടുവരാൻ സാധ്യതയുള്ളതിനാൽ കിറ്റിൽ നിന്നും അപ്പം ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ആയിരം പേർ മാത്രമാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. അതുകൊണ്ടുതന്നെ പ്രസാദ വിതരണവും കാര്യമായി നടക്കുന്നില്ല. പദ്ധതി ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ, മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. 1000 കിറ്റുകൾ നട തുറന്ന ദിവസം മാത്രം ദേവസ്വം ബോർഡ് തപാൽ വകുപ്പിന് കൈമാറി.
സന്നിധാനത്ത് നിന്ന് പമ്പ- ത്രിവേണി പോസ്റ്റോഫീസിലേയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രസാദം എത്തിച്ചു നല്‍കും. അവിടെ നിന്ന് തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുന്നത്.