കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്
ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു
കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ കളമശേരി മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി റിപ്പോർട്ടിന്‍റെ ഉള്ളടക്കം. രണ്ടാഴ്ച മുൻപ് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വ്യക്തമാകുന്നത് കളമശേരി മെഡിക്കൽ കോളജിനെതിരായ പരാമർശങ്ങളിൽ കഴമ്പില്ലെന്നാണ്. പൊലീസും ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതും ഇത്തരത്തിലുള്ള റിപ്പോർട്ട് തന്നെയാണ്. ആരോപണം ഉന്നയിച്ചവർക്ക് തെളിവ് നൽകാനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
എന്നാൽ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ചോദ്യം ചെയ്ത് മരിച്ച ഹാരിസിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഹാരിസിന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുകയോ ഡിജിറ്റല്‍ തെളിവ് ശേഖരിക്കുകയോ പൊലീസ് ചെയ്തിട്ടില്ലെന്ന് ഹാരിസിന്‍റെ ബന്ധു മീഡിയവണിനോട് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ശേഖരിക്കാനും നീതിക്കായി തുടര്‍നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് കുടുംബം.