സഹായി മാത്രമല്ലിവള്‍, മകളാണ്, അപ്പോള്‍ പിന്നെ കല്യാണം കെങ്കേമമാക്കണ്ടേ; തമിഴ് യുവതിയുടെ വിവാഹം നടത്തി റസാഖും കുടുംബവും
കുടുംബാംഗത്തെ പോലെ യുവതിക്ക് ഇത്രയും കാലം സംരക്ഷണം നല്‍കിയ കുടുംബം നാല് സെന്‍റ് ഭൂമിയും പുതിയ വീടും നല്‍കിയാണ് മണവാട്ടിയെ യാത്രയാക്കിയത്
പതിനാല് വര്‍ഷം മുന്‍പ് തൃപ്രയാറിലെ ഒരു വീട്ടില്‍ സഹായിയായി എത്തിയ തമിഴ് യുവതിക്ക് സ്വപ്ന സമാനമായ വിവാഹം ഒരുക്കിയതിനെ കുറിച്ചാണ് അടുത്ത വാര്‍ത്ത. കുടുംബാംഗത്തെ പോലെ യുവതിക്ക് ഇത്രയും കാലം സംരക്ഷണം നല്‍കിയ കുടുംബം നാല് സെന്‍റ് ഭൂമിയും പുതിയ വീടും നല്‍കിയാണ് മണവാട്ടിയെ യാത്രയാക്കിയത്.
എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന റസാഖിനും ഭാര്യ നൂര്‍ജഹാനും കവിത മകള്‍ തന്നെയാണ്. കഴിഞ്ഞ പതിനാല് വര്‍ഷവും കവിത, ഇരുവരെയും അച്ഛനും അമ്മയുമായി തന്നെയാണ് കണ്ടതും. തമിഴ്നാട്ടിലുള്ള അച്ഛനും അമ്മയും വര്‍ഷത്തിലൊരിക്കലെ കവിതയെ കാണാന്‍ എത്തുമായിരുന്നുള്ളൂ.
കുടുംബത്തിന്‍റെ സഹായിയായി ഒപ്പം നിന്ന കവിതക്ക് വിവാഹമൊരുക്കാനുള്ള ഉത്തരവാദിത്തവും റസാഖിന്‍റെ കുടുംബം ഏറ്റെടുത്തു. നാട്ടിക സ്വദേശിയാണ് വരന്‍ . ഹിന്ദു ആചാരപ്രകാരം ആഘോഷമായി തന്നെ വിവാഹം നടത്തി.
കവിതക്ക് വിവാഹ സമ്മാനമായി പന്ത്രണ്ട് പവന്‍ സ്വര്‍ണവും റസാഖിന്‍റെ കുടുബം നല്‍കി. ഒപ്പം വീടിനോട് ചേര്‍ന്ന നാല് സെന്‍റ് ഭൂമിയില്‍ ഒരു വീടും പണിത് നല്‍കി. കവിതക്ക് ഒരു കൂട്ടും ഒരു കൂരയും സമ്മാനിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് റസാഖും കുടുംബവും.