കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാകാതെ മുന്നൊരുക്കങ്ങള്‍; പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് പോളിംഗ് ഉദ്യോഗസ്ഥർ പ്രോട്ടോകോള്‍ പാലിക്കാതെ പോളിങ് സാമഗ്രമികള്‍ വാങ്ങാനെത്തിയത്
തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ തിക്കും തിരക്കുമുണ്ടായി. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് പോളിംഗ് ഉദ്യോഗസ്ഥർ പ്രോട്ടോകോള്‍ പാലിക്കാതെ പോളിങ് സാമഗ്രമികള്‍ വാങ്ങാനെത്തിയത്. പോളിംഗ് വിതരണത്തിന്‍റെ തുടക്കത്തിലുണ്ടായ ആശയക്കുഴപ്പമാണ് തിരക്കിന് കാരണമെന്ന് തിരുവനന്തപുരം ഡി.സി.പി ദിവ്യ ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സർവോദയ സ്കൂളിൽ രാവിലെ 8 മണി മുതൽ തന്നെ ഉദ്യോഗസ്ഥരുടെ വലിയ തിരക്കായിരുന്നു. ഇവരെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസുകാരും ഇല്ലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിഷയം റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ സ്വഭാവികമായി ഉണ്ടാകുന്ന തിരക്കെന്നായിരുന്നു മറുപടി. പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പോളിങ് ഓഫീസർമാർ മീഡിയവണിനോട് പറഞ്ഞു.
സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥർ കുട്ടം കൂടിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഡി.സി.പി ദിവ്യ ഗോപിനാഥ് സ്കൂളിലെത്തി റിട്ടേണിംഗ് ഓഫീസറുമായി ചർച്ച നടത്തി. ഇതിന് ശേഷം പ്രിസൈഡിംഗ് ഓഫീസറും ഫസ്റ്റ് പോളിംഗ് ഓഫീസറും മാത്രം എത്തി പോളിംഗ് സാമഗ്രികൾ വാങ്ങിയാൽ മതിയെന്ന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് തിരക്ക് കുറഞ്ഞത്.