സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
ആദ്യം ഇഡി നോട്ടീസ് നല്‍കിയപ്പോള്‍ നവംബര്‍ 5ന് കോവിഡ്. രണ്ടാം തവണ കോവിഡാനന്തര ചികിത്സ. അതും കഴിഞ്ഞ് ഡിസ്ചാര്‍ജ്ജായപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി മൂന്നാമത്തെ നോട്ടീസ് ഇഡി നല്‍കിയത്. രണ്ടാം ഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന പത്താം തിയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ന് ഉച്ചയോടെ സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അഡ്മിറ്റായി. തൊണ്ടവേദന,തലവേദന,മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്. നാലാം വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതോടെ വ്യാഴാഴ്ച സി.എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാനിടയില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ടു പോകുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിനടയാക്കുമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് വീണ്ടും രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ആശുപത്രി വാസത്തിന് പിന്നിലും ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നേക്കും.