ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്ന് ഫാ. പോള്‍ തേലക്കാട്ട്
പല കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നുവെന്നും ഫാ. പോൾ തേലക്കാട്ട് ലേഖനത്തിലൂടെ വിമർശിക്കുന്നു
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്ന് സീറോമലബാർ സഭ മുൻ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. പല കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നുവെന്നും ഫാ.പോൾ തേലക്കാട്ട് ലേഖനത്തിലൂടെ വിമർശിക്കുന്നു. സിറോ മലബാർ സഭ എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിലാണ് പോൾ തേലക്കാട്ടിന്‍റെ ലേഖനം.
കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കിയ കർദ്ദിനാൾ തിയോഡർ മക്കരാക്കിനെതിരായ റിപ്പോർട്ട് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് സത്യദീപത്തിൽ ഫാദർ പോൾ തേലക്കാട്ട് ലേഖനം എഴുതിയത്. സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാലലൈംഗിക പീഡകനെന്ന് കത്തോലിക്ക സഭക്കുള്ളിൽ നിന്ന് തന്നെ കർദ്ദിനാൾ തിയോഡർ മക്കരാക്കിനെതിരെ വിമർശനം ഉയർന്നിരുന്നു. മക്കരാക്കിനെതിരായി നിരവധി പരാതികൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പക്ക് ലഭിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ നിലനിൽക്കെ തന്നെ അമേരിക്കൻ കത്തോലിക്ക മെത്രാൻ സമതിയുടെ പ്രസിഡന്‍റായിരുന്ന മക്കരാക്കിനെ ആർച്ച് ബിഷപ്പായും പിന്നീട് കർദ്ദിനാളായും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഉയർത്തി. ആരോപണങ്ങൾ ശരിയാണെന്ന് ചൂണ്ടികാട്ടി മക്കരാക്കിനെ കത്തോലിക്ക സഭ പുറത്താക്കിയ സാഹചര്യത്തിലാണ് ജോൺ പോൾ രണ്ടാമന്‍റെ വിശുദ്ധ പദവിയെ പോൾ തേലക്കാട്ട് വിമർശിക്കുന്നത്.
മരിച്ചിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിയാതെ നാമകരണ നടപടികള്‍ തുടങ്ങരുത് എന്ന നിയമം പോലും മറികടന്ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതിനെതിരെയാണ് ഫാ. പോൾ തേലക്കാട്ട് വിമർശനം ഉന്നയിക്കുന്നത്. ജോൺ പോൾ രണ്ടാമന്‍റെ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നുവെന്നും അള്‍ത്താര അരങ്ങായി മാറിക്കഴിഞ്ഞുവെന്നും രൂക്ഷ വിമർശനവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സമൂഹത്തിന്‍റെ സ്ഥാപകനായ മാര്‍സിയേല്‍ മനിയേല്‍ എന്ന ലോകതട്ടിപ്പുകാരന്‍റെ കഥയിലും പ്രതിസ്ഥാനത്തു നിറുത്തപ്പെടുന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. കത്തോലിക്ക സഭയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് അനുമതി നൽകുന്ന കർദ്ദിനാൾ സംഘത്തിന്‍റെ തലവനായിരുന്ന കർദ്ദിനാൾ ജിയോവാനി ആഞ്ചേലോവിനെ അഴിമതിയുടെ പേരിൽ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് ലേഖനം.