വടകരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‍ച വെച്ച് യു.ഡി.എഫ്-ആർ.എം.പി ജനകീയ മുന്നണി
ഫോട്ടോ ഫിനിഷിങ്ങിൽ ഒഞ്ചിയം പഞ്ചായത്ത് നിലനിർത്തിയപ്പോൾ ഏറാമല മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു
വടകരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‍ച വെച്ച് യു.ഡി.എഫ്-ആർ.എം.പി ജനകീയ മുന്നണി. ഫോട്ടോ ഫിനിഷിങ്ങിൽ ഒഞ്ചിയം പഞ്ചായത്ത് നിലനിർത്തിയപ്പോൾ ഏറാമല മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു. അഴിയൂരിൽ എൽഡിഎഫും ജനകീയ മുന്നണിയും ഒപ്പത്തിനൊപ്പമാണ്. ചോറോട് നിലനിർത്തിയത് എല്‍.ഡി.എഫിന് നേട്ടമായി.
സ്വാധീന മേഖല നിലനിര്‍ത്താന്‍ തന്നെയാണ് ആര്‍.എം.പി യു.ഡി.എഫുമായി കൈകോര്‍ത്തത്. പക്ഷേ അഭിമാന പോരാട്ടം നടന്ന ഒഞ്ചിയത്ത് തുടക്കത്തില്‍ എല്‍.ഡി.എഫ് തിരിച്ചു വരവിന്‍റെ സൂചനകള്‍ നല്‍കി. ആര്‍.എം.പിയുടെ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മത്സരിച്ച സീറ്റുകള്‍ സി.പി.എം പിടിച്ചതോടെ ജനകീയ മുന്നണി പരാജയം മണത്തു. പക്ഷേ ഫോട്ടോ ഫിനിഷില്‍ എട്ടിനെതിരെ ഒമ്പത് സീറ്റുകള്‍ നേടി ജനകീയ മുന്നണി ഒഞ്ചിയം കാത്തു.
ഒഞ്ചിയത്ത് പോരാട്ടം കടുപ്പിക്കാനായാത് നേട്ടമായെന്നാണ് സി.പി.എം വിലയിരുത്തല്‍. എല്‍.ജെ.ഡി എല്‍.ഡി.എഫിലേക്ക് പോയതോടെ ഭരണം നഷ്ടമായ ഏറാമലയില് ജനകീയ മുന്നണി ഭരണം പിടിച്ചു. ഏഴു സീറ്റുകള്‍ വീതം ജനകീയ മുന്നണിയും എല്‍.ഡി.എഫും നേടിയ അഴിയൂര്‍ പഞ്ചായത്തില്‍ ആരു ഭരിക്കണമെങ്കിലും രണ്ട് സീറ്റ് നേടിയ എസ്.ഡി.പി.ഐയുടെ പിന്തുണ വേണം. ചോറോട് പഞ്ചായത്തും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനും എല്‍.ഡി.എഫ് നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര പിടിക്കാനുള്ള നീക്കത്തിന് ഊര്‍ജ്ജം പകരുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് ആര്‍.എം.പി-യു.ഡി.എഫ് മുന്നണിക്കുണ്ടായിരിക്കുന്നത്.