എലത്തൂരില്‍ എന്‍.സി.കെ തന്നെ; പ്രവർത്തകരുടെ വികാരം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും: എം.എം ഹസന്‍

എൻ.സി.കെ ഒഴികെ പത്രിക നൽകിയ യു.ഡി.എഫിന്‍റെ മറ്റ് സ്ഥാനാർഥികൾ പത്രിക പിൻവലിക്കണമെന്നും ഹസ്സന്‍ നിര്‍ദേശിച്ചു.

Update: 2021-03-22 07:01 GMT
എലത്തൂരില്‍ എന്‍.സി.കെ തന്നെ; പ്രവർത്തകരുടെ വികാരം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും: എം.എം ഹസന്‍
AddThis Website Tools
Advertising

എലത്തൂർ സീറ്റ് എൻ.സി.കെക്ക് തന്നെ നൽകാൻ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എം.എം ഹസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിയെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എലത്തൂരില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഘടകക്ഷിയായ മാണി സി കാപ്പന്‍റെ എന്‍.സി.കെക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമാണ് മുന്നണിയില്‍ പ്രകടിപ്പിച്ചത്. ഇതിനെത്തുടര്‍ന്നാണ് മുന്നണിയുടെ ഭാഗമായി സമവായ ചര്‍ച്ചകള്‍ നടന്നത്.

എൻ.സി.കെ ഒഴികെ പത്രിക നൽകിയ യു.ഡി.എഫിന്‍റെ മറ്റ് സ്ഥാനാർഥികൾ പത്രിക പിൻവലിക്കണമെന്നും ഹസ്സന്‍ നിര്‍ദേശിച്ചു. പ്രവർത്തകരുടെ വികാരം മനസ്സിലാക്കി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് നേതൃത്വത്തോട് ഇടഞ്ഞ കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതൃത്വം എലത്തൂരിൽ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ബാക്കി സ്ഥാനര്‍ഥികള്‍ പത്രിക പിന്‍വലിക്കണമെന്ന നിര്‍ദേശത്തിന് ഡി.സി.സി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് വിമത സ്ഥാനാര്‍ഥിയായ ദിനേശ് മണി പ്രതികരിച്ചത്. അതിനിടെ, യു.ഡി.എഫ് തീരുമാനം എതിര്‍ത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി.

എലത്തൂര്‍ സീറ്റ് എൻസികെക്ക് നൽകിയ നടപടിയിൽ കടുത്ത പ്രതിഷേധമാണ് യു.ഡി.എഫിലും കോൺഗ്രസ് നേതാക്കൾക്കിടയിലും നിലവിലുള്ളത്. എം.കെ രാഘവൻ എംപി പരസ്യമായി ഇതിനെ എതിര്‍ത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡി.സി.സിയിൽ വിളിച്ചു ചേർത്ത യോഗം കഴിഞ്ഞ ദിവസം കയ്യാങ്കളിയിലാണ് കലാശിച്ചത്. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News