"മോദി നല്‍കിയത് സഞ്ചിയിലാക്കിയാണ് പിണറായിയുടെ കിറ്റ് വിതരണം"; കെ സുരേന്ദ്രന്‍
കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്നു, അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സർക്കാർ നമ്പർ വണ്ണായത്.
മോദി നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്നുവെന്നും അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സർക്കാർ നമ്പർ വണ്ണായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോന്നിയില്‍ നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
യേശുദേവനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്‍റെ മനസ്സുള്ള ചില ആളുകള്‍ മോദി കോന്നിയില്‍ വരുന്നതിനെതിരെ പ്രസ്താവനയിറക്കി. അവര്‍ കോന്നിയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തി രാഹുല്‍ ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ പോയവരാണ്. ഇപ്പോള്‍ അവിടേയും ഇല്ല ഇവിടേയും ഇല്ല എന്ന അവസ്ഥയിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മോദിയുടെ പാദസ്പര്‍ശം പോലും ഇത്തരക്കാരില്‍ ഭയം ജനിപ്പിക്കുന്നു. ലവ് ജിഹാദിന്‍റെ പേരില്‍ എത്രയോ അമ്മമാര്‍ നിലവിളിക്കുമ്പോഴും പിണറായിയുടെ പൊലീസ് ഭക്തരെ മര്‍ദിക്കുമ്പോഴും യൂദാസിന്‍റെയാളുകള്‍ കണ്ടില്ലെന്ന് നടിച്ചു. അവരാണിപ്പോള്‍ വിശ്വാസത്തിന്‍റെ പേര് പറയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ വികസനം ഇവിടെയുമെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനത. ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം തന്നു. മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോള്‍ മോദി നല്‍കിയ സഹായം ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.