മന്‍സൂറിനെ വെട്ടിയത് ശ്രീരാഗാണെന്ന് സഹോദരന്‍ മുഹ്സിന്‍
മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. അക്രമി സംഘത്തിന്‍റെ ലക്ഷ്യം താനായിരുന്നു.
പാനൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിയത് ശ്രീരാഗാണെന്ന് സഹോദരൻ മുഹ്സിൻ. അക്രമി സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിയാനാകുമെന്നും മുഹ്സിൻ മീഡിയവണിനോട് പറഞ്ഞു.
മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. അക്രമി സംഘത്തിന്‍റെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൻസൂറിന് വെട്ടേറ്റതെന്നും മുഹ്സിന്‍ കൂട്ടിച്ചേര്‍ത്തു.
പതിനഞ്ച് പേരോളമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. തന്നെ വണ്ടിയില്‍ നിന്ന് വലിച്ചിഴച്ച് വടിവാളുകൊണ്ട് വെട്ടാന്‍ പോകുമ്പോഴാണ് മന്‍സൂര്‍ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും മുഹ്സിന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അക്രമികള്‍ ബോംബെറിഞ്ഞത്. മന്‍സൂര്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് പിന്നീട് കണ്ടെതെന്നും മുഹ്സിന്‍ പറഞ്ഞു.
മന്‍സൂറിനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷിനോസിനെ പിടികൂടുന്നത്. ബോബിന്‍റെ ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളാണ് ഷിനോസിനെ പൊലീസിന് കൈമാറിയതെന്നും മുഹ്സിന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന വീറും വാശിയും ഒഴിച്ചു നിര്‍ത്തിയാല്‍ പ്രദേശത്ത് രാഷ്ട്രീയ കലഹങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഹ്സിന്‍ പറഞ്ഞു.
ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും തനിക്ക് തിരിച്ചറിയാനാകും. ഒരു നിരപരാധിയെയാണ് അവര്‍ കൊന്നത്. അതുകൊണ്ടു തന്നെ ഏത് സംഘം അന്വേഷിച്ചാലും തന്‍റെ സഹോദരന് നീതി കിട്ടണമെന്നും മുഹ്സിന്‍ കൂട്ടിച്ചേര്‍ത്തു.