ഛർദിയും വയറിളക്കവും; കാക്കനാട് 350 പേർ ചികിത്സയിൽ
അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്
കൊച്ചി: കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഡിഎൽഎഫ് ഫ്‌ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു.
15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത.
കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളിലേക്കും അധികം വൈകാതെ കടക്കും.
വെള്ളത്തിൽ നിന്നും രോഗം പടർന്നെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ സാഹചര്യം പരിശോധിക്കാൻ ആരോഗ്യവകുപ്പ് 30 അംഗ സംഘത്തെ നിയോഗിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറോട് കലക്ടർ റിപ്പോർട്ടും തേടിയിട്ടുണ്ട്.
മെയ് അവസാന ആഴ്ച മുതൽ ഫ്ലാറ്റിലെ ചിലർക്ക് രോഗ ബാധ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് പ്രശ്നം വഷളായത്. സ്വകാര്യ വ്യക്തി നടത്തിയ പരിശോധനയിൽ ഫ്‌ളാറ്റിലെ വെള്ളത്തിൽ ഇ-കോളിൻ ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിരൂന്നു.