കാബൂളിൽ കുടുങ്ങി 36 മലയാളികൾ; അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
നടപടി ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി
അഫ്ഗാനിലെ കാബൂളിൽ കുടുങ്ങിയത് 36 മലയാളികൾ. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച് നോര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കി. ഇതിനായുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി നോർക്ക അധികൃതർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നോര്‍ക്ക സി.ഇ.ഒ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് നോര്‍ക്ക പരിശോധിച്ചുവരികയാണ്.
അതേസമയം,അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതൽ വിമാനങ്ങളയക്കും. ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടിയിരുന്നു.