കെട്ടിട നമ്പർ നൽകാനായി 10000 രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിയ്ക്ക് മൂന്നു വർഷം കഠിന തടവ്
പാലക്കാട് കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീമിനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്
തൃശൂർ: കെട്ടിട നമ്പർ നൽകാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീമിനെയാണ് തൃശൂർ വിജിലൻസ് കോടതി മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതു കൂടാതെ ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കുകയും വേണം.
2007ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജി പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിംഗ് നമ്പർ കിട്ടാൻ വേണ്ടി സമർപ്പിച്ച അപേക്ഷയിലാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ചോദിച്ചത്. ആദ്യം ഇയാളുടെ കയ്യിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. അതിനു ശേഷം ബിൽഡിംഗ് നമ്പർ നൽകണമെങ്കിൽ പതിനായിരം രൂപ കൂടി വേണമെന്ന് അബ്ദുൽ ഹക്കീം ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ജി പ്രകാശൻ വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അബ്ദുൽ ഹക്കീമിനെ പിടികൂടുകയായിരുന്നു. തുടർന്ന് ഡി.വൈ.എസ്.പിയായിരുന്ന കെ സതീശനാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയ്ക്ക് ശേഷം അബ്ദുൽ ഹക്കീം കുറ്റക്കാരനാണെന്ന് വിജിലൻസ് അതിവേഗ കോടതി കണ്ടെത്തിയിരിക്കുകയാണ്. തൃശൂർ വിജലൻസ് കോടതി ജഡ്ജി ജി അനിലാണ് ശിക്ഷ വിധിച്ചത്. പിഴ സഖ്യ അടക്കാത്ത പക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കഠിന തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്റ്റാലിൻ ഇ.ആറാണ് ഹാജരായത്.