സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത; ശക്തമായ മിന്നലില്‍ കോഴിക്കോട്ടും പാലക്കാടും തീപിടിത്തം
പാലക്കാട് തിരുവേഗപ്പുറം വെളുത്തൂരിൽ മിന്നലേറ്റ് കിടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു
കോഴിക്കോട് :കേരളത്തിൽ ഉയർന്ന ചൂട് ഇന്നും തുടരും. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കൊല്ലം, മലപ്പുറം,കാസര്‍കോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ ഇന്ന് മുതൽ കേരളത്തിൽ വേനൽ മഴയും സജീവമാകും. സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം, ഞായറാഴ്ചയുണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വിവിധയിടങ്ങളിൽ തീപിടിത്തം. പാലക്കാട് വെളുത്തൂരിൽ കിടക്കനിർമാണശാലക്കും കോഴിക്കോട് സ്ക്രാപ്പ് ഗോഡൗണിനും തീപിടിച്ചു. പാലക്കാട് എറയൂരിൽ ക്ഷേത്രത്തിലെ പൂരത്തിനിടെ 3 പേർക്ക് മിന്നലേറ്റ് പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്രയിൽ മിന്നലേറ്റ് തെങ്ങ് കത്തിനശിച്ചു.
പാലക്കാട് തിരുവേഗപ്പുറം വെളുത്തൂരിൽ മിന്നലേറ്റ് കിടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിടക്ക നിർമ്മാണശാലയ്ക്കാണ് തീപിടിച്ചത് . പട്ടാമ്പി ഷോർണൂർ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തൃത്താല കൊപ്പത്ത് എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനിടെ.യാണ് മൂന്ന് പേർക്ക് മിന്നലേറ്റ് പരിക്കേറ്റത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത് സ്ക്രാപ്ഗോഡൗണിൽ ഇന്നലെ രാത്രി 8.30 യോടെയാണ് തീപിടിത്തംഉണ്ടായത്.. ഗോഡൗണിൽ താമസിക്കുന്ന 7 തൊഴിലാളികൾ തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. 10 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. രാത്രിയിൽ ഉണ്ടായ ശക്തമായ മിന്നലേറ്റതാണ് തീ പിടിക്കാൻ കാരണം. ഗോഡൗണിനകത്തെ സ്ക്രാപ്പ് പൂർണമായും കത്തി നശിച്ചു.