കൊച്ചി മോഡലുകളുടെ മരണം; കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്

Update: 2022-03-15 02:32 GMT
Advertising

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അടക്കം എട്ടു പ്രതികളാണുള്ളത്. സൈജു തങ്കച്ചൻ അമിത വേഗത്തിൽ മോഡലുകളുടെ കാർ പിന്തുടർന്നതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തിലുള്ളത്.

2021 നവംബർ ഒന്നിന്‌ പുലർച്ചെയാണ് അൻസി കബീർ ഉൾപ്പടെ നാലുപേർ സഞ്ചരിച്ച കാർ പാലാരിവട്ടം ചക്കരപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന അബ്ദുൽ റഹ്‌മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തിൽ മരിച്ചിരുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മോഡലുകൾ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചൻ തന്റെ ഓഡി കാറിൽ അമിത വേഗതയിൽ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമിതമായി മദ്യപിച്ച് വാഹനമോടിച്ച മോഡലുകളുടെ ഡ്രൈവർ അബ്ദുൽ റഹ്‌മാനാണ് കേസിലെ ഒന്നാം പ്രതി. ദുരുദേശത്തോടെ ഹോട്ടലിൽ തങ്ങാൻ മോഡലുകളെ നിർബന്ധിച്ച സൈജുവിനും റോയിക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി വി ആർ റോയിയുടെ നിർദേശപ്രകാരം കായലിൽ ഉപേക്ഷിച്ച ഹോട്ടൽ ജീവനക്കാർക്ക് എതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

അതേ സമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിലിനെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ഇയാളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ് ചെയ്തതിന് ശേഷം റോയ് വയലാറ്റിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ സൈജുവിനെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്.

പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.  പൊലീസിന് മുന്നിലാണ്‌ റോയ് വയലാറ്റ് കീഴടങ്ങിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചില്ല. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിനായി പൊലീസ് റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയ് വയലാറ്റിൽ സ്വമേധയാ കീഴടങ്ങിയത്. കൊച്ചി പോലീസ് കമ്മിഷണർക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Full View


A chargesheet will be filed today in the case of former Miss Kerala in Kochi who died in a car accident

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News