വീട്ടുവളപ്പിൽ കയറിയ പേ ബാധിച്ച നായയെ നാലുമണിക്കൂറിനൊടുവിൽ സാഹസികമായി പിടികൂടി
ബട്ടർഫ്‌ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്
പത്തനംതിട്ട ഓമല്ലൂരിൽ പേലക്ഷണങ്ങളോടെയുള്ള വീട്ടുവളപ്പിൽ കയറിയ നായയെ സാഹസികമായി പിടികൂടി. ഫയർഫോഴ്‌സ് സംഘവും 'ആരോ' ഡോഗ് ക്യാച്ചേഴ്‌സും ചേർന്നാണ് നായയെ പിടികൂടിയത്. ബട്ടർഫ്‌ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്. പേ വിഷ ലക്ഷണങ്ങളുള്ളതിനാൽ മയക്കുമരുന്ന് കുത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് നായ വീട്ടുവളപ്പിലെത്തിയത്. ഈ സമയം വീട്ടിൽ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. ആദ്യം ഇരുവർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. പിന്നീട് വായിൽ നുര വരുന്നത് കണ്ടാണ് സംശയം തോന്നിയത്. പിന്നീട് വീടിന്റെ ജനലും വാതിലുകളും അടച്ച് പഞ്ചായത്ത് പ്രസിഡൻറിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഒമ്പതോടെ ഉദ്യോഗസ്ഥരെത്തുകയും 11.30ഓടെ നായയെ പിടികൂടുകയുമായിരുന്നു. ഇപ്പോൾ നായ നിരീക്ഷണത്തിലാണ്.
അതിനിടെ, പാലക്കാട് മേലാമുറിയിൽ പേ വിഷബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പേ വിഷബാധയേറ്റ ലക്ഷണങ്ങൾ പശു കാട്ടിയത്.
പേവിഷബാധയുള്ള നായ്ക്കളെ നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള തീവ്ര വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് ഔദ്യോഗിക തുടക്കം. ഒരു മാസത്തെ ക്യാമ്പയിനിൽ സംസ്ഥാനത്തെ മുഴുവൻ തെരുവുനായകൾക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യം. മൂന്ന് ലക്ഷത്തിലേറെ തെരുവുനായകൾ ഉണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെയടക്കം സഹായത്തോടെയാണ് ക്യാമ്പ് നടക്കുക. പല തദ്ദേശ സ്ഥാപനങ്ങളും നേരത്തെ തന്നെ തെരുവുനായകൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേർക്ക്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.
മെയ് മുതൽ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എൺപത്തിമൂവായിരം പേർ. കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഏറ്റവും കൂടുതൽ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വർഷമാണ്.21 പേർ.വാക്‌സിൻ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.
അതേസമയം, തിരുവനന്തപുരം കരിപ്പൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേർക്കാണ് കടിയേറ്റത്. മുഖവൂർ, മൊട്ടൽ മൂട്, മഹാലഷ്മി നഗർ, തൊണ്ടിക്കര ഭാഗങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ശനിയാഴ്ചയാണ് ഒന്നര വയസ്സുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഒന്നര വയസ്സുകാരി അയാൻഷിന് നായയുടെ കടിയേൽക്കുന്നത്. മൊട്ടൽ മൂട് സ്വദേശി പങ്കജാക്ഷൻ, രതീഷ് എന്നിവരെയും നായ ആക്രമിച്ചു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും തെരുവ്‌നായയുടെ കടിയേറ്റു.
ഇടുക്കി കുമളിയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിയുന്ന നായക്കൂട്ടങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് തേക്കടിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളും നാട്ടുകാരും. തെരുവ് നായകൾക്ക് വാക്‌സിനേഷൻ നൽകാനുള്ള നടപടികളാരംഭിച്ചെന്നും പഞ്ചായത്തടസ്ഥാനത്തിൽ താൽക്കാലിക ഷെൽട്ടറുകളും ജില്ലയിൽ നാല് എ.ബി.സി സെന്ററുകളും സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.
A dog that entered a house was caught in Omallur, Pathanamthitta.