മുല്ലപ്പെരിയാറിലെ മരംമുറി മുഖ്യമന്ത്രിയും അറിഞ്ഞില്ല, ചീഫ് വൈൽഡ് ഫോറസ്റ്റ് ഓഫീസറോട് വിശദീകരണം തേടിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
ഇന്ന് 11 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി
മുല്ലപ്പെരിയാറിലെ മരംമുറിയില്‍ അതൃപ്തി പരസ്യമാക്കി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഓഫീസും മരംമുറിയെ കുറിച്ച് അറിഞ്ഞിട്ടില്ല. ചീഫ് വൈൽഡ് ഫോറസ്റ്റ് ഓഫീസറോട് വിശദീകരണം തേടിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാടിന്‍റെ അഭിനന്ദന കത്ത് ലഭിച്ച ശേഷമാണ് വിവരം അറിഞ്ഞത്. നയപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന വിഷയമാണിതെന്നും മന്ത്രി പ്രതികരിച്ചു.
അനുമതി ബേബി ഡാമിനു താഴെ 15 മരംമുറിക്കാന്‍
ബേബി ഡാമിന് താഴെയുള്ള 15 മരം മുറിക്കാനാണ് അനുമതി നല്‍കിയത്. തമിഴ്നാടിന്‍റെ ദീർഘകാല ആവശ്യം കേരളം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനാവുമെന്ന് എം.കെ സ്റ്റാലിൻ കത്തില്‍ പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കേരളത്തിന്‍റെ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് മരംമുറിക്കാൻ അനുമതി നൽകിയ നടപടി. ഇതോടെയാണ് എന്ത് അടിസ്ഥാനത്തിൽ അനുമതി നൽകിയെന്ന് വിശദീകരിക്കാൻ പി.സി.സി.എഫിനോട് വനം മന്ത്രി ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാറിൽ നിന്നുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതിയും ഇതിനിടയിൽ തമിഴ്നാട് കേരളത്തോട് തേടി.