സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ
പ്രതികൾ പാർട്ടി പ്രവർത്തകർ അല്ലെന്നും സംഭവത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം
കാസർകോട്: അമ്പലത്തറയിൽ സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണോത്ത് തട്ട് സ്വദേശി ഷമീർ ആണ് അറസ്റ്റിലായത്.. സംഭവത്തിൽ രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകർ അല്ലെന്നും സംഭവത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടായത്. കണ്ണോത്ത് തട്ടിൽ ഗൃഹ സന്ദർശനത്തിന് എത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെ രതീഷ് സ്ഫോടകവസ്തു എറിയുകയായിരുന്നു.
നേതാക്കൾക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ആക്രമണത്തിൽ നാട്ടുകാരിയായ ആമിനയുടെ കണ്ണിന് പരുക്കേറ്റു. നേതാക്കൾ ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു.