വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണപ്രദേശത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം. തിരുവനന്തപുരം ലത്തീൻ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി , ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി എന്നിവരാണ് സംഘത്തിലുള്ളത്. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സന്ദർശിച്ച സംഘം പ്രാദേശിക സമരസമിതിയുമായി ചർച്ച നടത്തി.
സമരപ്പന്തൽ സന്ദർശിച്ച ദൗത്യ സംഘം സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ദൗത്യ സംഘത്തെ തള്ളിയ പ്രാദേശിക കൂട്ടായ്മ ഇത്രയും കാലം തിരിഞ്ഞു നോക്കാത്തവർ ബിഷപ്പിനെതിരെ കേസെടുത്തപ്പോള്‍ മാത്രമാണ് സമരത്തെ തിരിഞ്ഞുനോക്കിയതെന്നും ആരോപിച്ചു. എന്നാൽ തങ്ങള്‍ ഒരു സർക്കാറിൻറെയും ഭാഗമല്ലെന്നും നാട്ടിൽ സമാധാനം വേണം അതിനാലാണ് എത്തിയതെന്നും സമാധാന ദൗത്യ സംഘം പറഞ്ഞു.