'കൊലപ്പെടുത്തിയതിന് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു'; കോഴിക്കോട് സ്വദേശി ജംഷീദിന്റെ മരണത്തിനു പിന്നിൽ ലഹരി മാഫിയയെന്ന് കുടുംബം

ജംഷീദിന്റെ ശരീരത്തിൽ ട്രെയിൻ തട്ടിയത് പോലെയുള്ള യാതൊരു പാടുകളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം

Update: 2022-05-15 04:47 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം. ജംഷിദിനെ കൊലപ്പെടുത്തിയ ശേഷം റയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ചതിന്റെ ഒരു ലക്ഷണവും ജംഷിദിന്റെ ശരീരത്തിൽ ഇല്ല. ജംഷിദിനൊപ്പം യാത്ര പോയവർ മയക്കു മരുന്നു കേസിലെ പ്രതികളാണെന്നും പിതാവ് മുഹമ്മദ് മീഡിയാവണിനോട് പറഞ്ഞു. കൂരാച്ചുണ്ട് സ്വദേശികൾക്കൊപ്പം വിനോദ യാത്രക്ക് പോയ ജംഷിദിനെ ബുധനാഴ്ചയാണ് കർണാടകയിലെ മാണ്ഡ്യയിൽ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിനേഴാം തീയതിയാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ വട്ടച്ചിറയിലെ വീട്ടിൽ നിന്നും ടൂറിനാണെന്ന് പറഞ്ഞ് രണ്ട് കൂരാച്ചുണ്ട് സ്വദേശികൾക്കൊപ്പം യാത്ര പോയത്. പിന്നീട് ബുധനാഴ്ചയാണ് മരണം സംഭവിച്ചതായി വീട്ടുകാർ അറിയുന്നത്. കൂടെ പോയവരുടെ മൊഴി പ്രകാരം ജംഷിദിനൊപ്പം ഇവർ കാറിൽ സഞ്ചരിക്കുമ്പോൾ ഇവർ രണ്ടു പേരും ഉറങ്ങി പോയെന്നാണ്. പിന്നീട് ജംഷീദ് പുറത്തേക്കു പോയെന്നും ഇവർ പറയുന്നു. പിന്നീട് ജംഷീദിനെ കാണാൻ സാധിച്ചില്ല. ഇതേ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. തൊട്ടു പിന്നാലെയാണ് ജംഷീദിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സുഹൃത്തുക്കൾ പൊലീസിനോടും കുടുംബത്തോടും പറഞ്ഞു. എന്നാൽ ഈ രണ്ടു സുഹൃത്തുക്കൾക്കൊപ്പം പോകുന്നു എന്നായിരുന്നില്ല ജംഷീദ് വീട്ടുകാരോട് പറഞ്ഞിരുന്നത്. വേറെ രണ്ടാളുകളുടെ പേരാണ് പറഞ്ഞിരുന്നത്. ഇവർക്കെതിരെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേസുണ്ട്.

ജംഷീദിനെ എന്തോ കാരണത്താൽ ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജംഷീദിന്റെ ശരീരത്തിൽ ട്രെയിൻ തട്ടിയത് പോലെയുള്ള യാതൊരു പാടുകളും ഉണ്ടായിരുന്നില്ല. പകരം അടിയേറ്റതുപോലുള്ള ചില പാടുകൾ കണ്ടു. കേരള പൊലീസ് കേസിൽ കാര്യമായ ഇടപെടൽ നടത്തണമെന്നും ജംഷീദിന്റെ കുടുംബം ആവശ്യപ്പെട്ടു. ഫോണും ബാഗും കൊല്ലപ്പെടുന്നതിന് മുൻപ് കാണാതായെന്ന് ജംഷീദ് തങ്ങളെ വിളിച്ചറിയിച്ചിരുന്നെന്നും കുടുംബം പറഞ്ഞു. നഷ്ടപ്പെട്ട ഫോൺ പിന്നീട് കേരളത്തിലേക്ക് എത്തി എന്നുള്ള ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. ലഹരി മരുന്ന് മാഫിയ ആവശ്യപ്പെട്ട കാര്യങ്ങൾ നിറവേറ്റി കൊടുക്കാത്തത് കൊണ്ടോ ഇവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജംഷീദ് അറിഞ്ഞത് കൊണ്ടോ ആവാം തങ്ങളുടെ മകനെ ഈ സംഘം കൊലപ്പെടുത്തിയതെന്നാണ് ജംഷീദിന്റെ കുടുംബം വ്യക്തമാക്കുന്നത്. നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. കൂരാച്ചുണ്ട് പോലീസിൽ ജംഷീദിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. എസ്.പി ഓഫീസിലും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ജംഷീദിന്റെ കുടുംബം.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News