'സുബൈറിന്റെ ഖബറടക്കത്തിനെന്ന് പറഞ്ഞാണ് അബ്ദുറഹ്‌മാൻ ബൈക്കെടുത്തത് '; ഉടമ
അബ്ദുറഹ്‌മാൻ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം
പാലക്കാട്: ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുറഹ്‌മാൻ പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈറിന്റെ ഖബറടക്കത്തിന് പോകാനെന്ന് പറഞ്ഞാണ് ബൈക്ക് കൊണ്ടുപോയതെന്ന് ഉടമ.
ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ ദിവസം രാവിലെ 11 മണിക്കാണ് ബൈക്ക് അബ്ദുറഹ്‌മാൻ കൊണ്ടുപോയതെന്നും ബൈക്ക് ഉപയോഗിക്കുന്ന ശംസുദീന്റെ കുടുംബം മീഡിയവണിനോട് പറഞ്ഞു. 'ബുക്കും പേപ്പറൊന്നും ശരിയല്ല, ഇൻഷുറൻസും കെട്ടിയിട്ടില്ല, വണ്ടി കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടും അബ്ദുറഹ്‌മാൻ കേട്ടില്ല. നിർബന്ധിച്ചാണ് വണ്ടി വാങ്ങിയത്. അബ്ദുറഹ്‌മാൻ എന്നാണ് പേരെങ്കിലും 'അദറു' എന്നാണ് എല്ലാവരും അവനെ വിളിക്കുന്നതെന്ന് ഉടമ പറഞ്ഞു.
' മരിപ്പിന് എന്ന് വാങ്ങിയ വണ്ടി കൊണ്ടുവരുമെന്നാണ് കരുതിയിരിക്കുകയായിരുന്നു. മുമ്പും ഇതുപോലെ വണ്ടി കൊണ്ടുപോയി പിറ്റേന്ന് രാവിലെയാണ് വണ്ടി കൊണ്ടുതന്നത്. അതുപോലയാകും എന്ന് വിചാരിച്ചു. എന്നാൽ രാത്രി മൂന്ന് മണിയോടെ പൊലീസ് എത്തിയപ്പോഴാണ് സംഭവമറിയുന്നതെന്നും ' ഉടമ പറഞ്ഞു. അതേ സമയം അബ്ദുറഹ്‌മാൻ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.