കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേര്‍ മരിച്ചു
ആഴമേറിയ കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാലു മരണം. ശ്വാസം കിട്ടാതെ നാലു തൊഴിലാളികള്‍ കിണറില്‍ കുടുങ്ങുകയായിരുന്നു. രാജൻ (35), സോമരാജൻ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഓടെയാണ് സംഭവം. ആഴമേറിയ കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഇടുങ്ങിയ കിണറിൽ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇദ്ദേഹത്തെ കാണാതായപ്പോഴാണ് മറ്റുള്ളവര്‍ ഓരോരുത്തരായി കിണറിലിറങ്ങിയതെന്നാണ് വിവരം. അഗ്നിശമന സേന നാലുപേരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെത്തിക്കുമ്പോൾ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു.