'ഭരണവിരുദ്ധ വികാരം വോട്ടാകും'; അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തെ പരിഹസിച്ചവർക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ പറഞ്ഞു
പാലക്കാട്: ഭരണവിരുദ്ധ വികാരവും അനുകൂല രാഷ്ട്രീയ സാഹചര്യവും വിജയത്തിലേക്ക് നയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തെ പരിഹസിച്ചവർക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ മീഡിയവണിനോട് പറഞ്ഞു.
'പാലക്കാട് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം ഉയർന്ന പോളിങ്ങായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിന് ആധികാരികമായ വിജയമുണ്ടാകും. പാലക്കാട്ട് സിപിഎം കോണ്‍ഗ്രസിനെ നിരന്തരമായി ആക്രമിച്ചു. ബിജെപിയെ വെറുതെവിട്ടു. മുഖ്യമന്ത്രി വരെ വന്ന് പാണക്കാട് തങ്ങളെ ആക്ഷേപിച്ചു. ജനങ്ങൾക്ക് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ ബോധ്യപ്പെട്ടു. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ന്യൂനപക്ഷം രാഷ്ട്രീയ ബോധമുള്ളവരാണ്. അവരെ കളിയാക്കാൻ പോയാൽ തിരിച്ചടിക്കില്ലേയെന്നും രാഹുൽ ചോദിച്ചു. നേരത്തേ പാലക്കാട് വന്ന് പോവുകയേ ചെയ്തിരുന്നുള്ളൂ. ഇപ്പോൾ പാലക്കാട്ടുകാരനായെന്നും രാഹുൽ പറഞ്ഞു.