തൃശൂർ കൊടക്കരയിൽ കുഴൽ പണം കവർന്ന കേസിൽ 10 പ്രതികളെ തിരിച്ചറിഞ്ഞു
പ്രതികള്‍ രണ്ടുപേർ ബിജെപി അനുഭാവികളെന്നാണ് സൂചന.
തൃശൂർ കൊടക്കരയിൽ കുഴൽ പണം കവർന്ന കേസിൽ 10 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്.
പ്രതികൾ കണ്ണൂർ, തൃശൂർ, കോഴിക്കോട്, ബാംഗ്ലൂർ സ്വദേശികളെന്ന് റൂറൽ എസ്പി ജി. പൂങ്കുഴലി പറഞ്ഞു. രണ്ടുപേർ ബിജെപി അനുഭാവികളെന്നാണ് സൂചന. തൃശൂർ ജില്ലയിലെ ബിജെപിയുടെ ജില്ലാ നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചാലക്കുടി ഡിവൈഎസ്പി ജിജിമോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
അതേസമയം പണം കൊണ്ടുവന്നതും കവർച്ച നടത്തിയതും ബിജെപിക്കാർ തന്നെയെന്ന് സിപിഎം ആരോപിച്ചു.
അന്വേഷണത്തിന്‍റെ മേൽനോട്ടം റൂറൽ എസ്പിക്കാണ്. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വച്ച് ഒരു വാഹനം തട്ടിയെടുക്കുകയും അതിലുണ്ടായിരുന്ന പണം കവർച്ച ചെയ്തുവെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി പൊലീസിൽ പരാതി നൽകിയത്. അതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുഴൽപ്പണമാണ് കവർന്നതെന്ന വിവരം പൊലീസിന് ലഭിച്ചത്. 3.5 കോടി രൂപയാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ 25 ലക്ഷം കവർന്നെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതാണ് നിലവിൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി കൊണ്ടുവന്ന പണമാണ് തട്ടിയെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരം.