എസ്എഫ്ഐ ആൾമാറാട്ട കേസ്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതി വിശാഖ്
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കൊച്ചി: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതി വിശാഖ്. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിജയിച്ച സ്ഥാനാർഥി ആരോഗ്യകാരണങ്ങളാൽ സ്വമേധയാ പിന്മാറിയതാണെന്ന് ഹരജിയിൽ പറയുന്നു.
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വിജയിച്ച സ്ഥാനാർഥി ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തത്.
തെരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായാണ് സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടത്. കേസിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ പറയുന്നു.
കേസെടുത്ത് 21 ദിവസമായിട്ടും ഇപ്പോഴും വിശാഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്ന് മാത്രമാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
പരാതിയിൽ വിശാഖിനെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിശാഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഇത്രയേറെ ദിവസം പൊലീസ് വിശാഖിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കാത്തത് മുൻകൂർ ജാമ്യം ലഭിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.