കുടുംബ വഴക്കിനെത്തുടര്‍ന്ന് മകന്‍റെ ദേഹത്ത് ആസിഡൊഴിച്ചു; പിതാവ് അറസ്റ്റില്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷിനുവിന് 75 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തി.
കോട്ടയം പാലായില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ ദേഹത്ത് പിതാവ് ആസിഡൊഴിച്ചു. അന്തിനാട് സ്വദേശി ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്ണ ചെട്ടിയാര്‍ ആസിഡൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഷിനുവിന്‍റെ ദേഹത്തേക്ക് റബര്‍ ഷീറ്റില്‍ ഉപയോഗിക്കുന്ന ആസിഡ് അച്ഛന്‍ ഗോപാലകൃഷണന്‍ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷിനുവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാലകൃഷ്ണനെ പാലാ സി.ഐയുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷിനുവിന് 75 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തി. ഇതേതുടര്‍ന്ന്, മജിസ്‌ട്രേറ്റെത്തി ഷിനുവിന്റെ മരണമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷിനുവും ഗോപാലകൃഷ്ണനും തമ്മില്‍ സ്ഥിരമായി വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രിയും വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആസിഡ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഗോപാലകൃഷണനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.