എസ്.ഡി.പി.ഐ നേതാവുമായി ബന്ധം: ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടി
സെക്രട്ടറി ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകി
എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിൽ ആലപ്പുഴ ചെറിയനാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. സെക്രട്ടറി ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകി. ഷീദിന് എസ്ഡിപിഐ നേതാവുമായുള്ള ബിസിനസിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധമുണ്ടായിരുന്നു. ഹോട്ടൽ സംരംഭത്തിൽ ഇദ്ദേഹം എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് ബന്ധമില്ലെന്നാണ് ഇദ്ദേഹം പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നത്.
ഷീദിനെതിരെ പാർട്ടി നടപടിയെടുക്കാൻ വൈകിയതിൽ 38 സിപിഎം പ്രവർത്തകർ ചെറിയനാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. തുടർന്നാണ് ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ലോക്കൽ കമ്മിറ്റിയുടെ ചുമതല നൽകിയത്. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തിരുന്നു.