'രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുന്നു, ഒരു മര്യാദ വേണ്ടേ?' കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ജോജു ജോര്‍ജ്

വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പ്രതിഷേധിച്ചത്.

Update: 2021-11-01 08:08 GMT
Advertising

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജിന്‍റെ പ്രതിഷേധം. വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്‍റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്‍റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു.

രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു.

അതേസമയം ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ജോജു വനിതാ പ്രവർത്തകരെ അധിക്ഷേപിച്ചു. പൊലീസിന് പരാതി നൽകുമെന്നും ഷിയാസ് പറഞ്ഞു. ജോജു മദ്യപിച്ച് മോശമായി പെരുമാറിയെന്ന് വനിതാ പ്രവർത്തകരും പറഞ്ഞു.

ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആറ് കിലോമീറ്ററില്‍ അധികം ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News