'പ്രിയപ്പെട്ടവരുടെ തുടർ വേർപാടുകൾ... നിസ്സീമമായ വ്യഥ'; സിദ്ദിഖിന്റെ നിര്യാണത്തിൽ മമ്മൂട്ടി
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖ് ചികിത്സയിലായിരുന്നു
സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടൻ മമ്മൂട്ടി. 'വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖ് ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.
നാളെ രാവിലെ 9 മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനമുണ്ടാകും. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
ഹാസ്യത്തിൻറെ മേമ്പൊടിയോടെ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകൾ ബോക്‌സ്ഓഫീസിൽ തരംഗമായിരുന്നു. 1989ൽ റാംജി റാവു സ്പീക്കിങ് എന്ന സിനിമ സംവിധാനം ചെയ്താണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്തത്. അതിനു മുൻപുതന്നെ 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയുടെ തിരക്കഥ സിദ്ദിഖ് എഴുതിയിരുന്നു. 1987ൽ നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥയെഴുതി.
സംവിധായകൻ ഫാസിലിൻറെ സഹായിയായാണ് സിദ്ദിഖ് സംവിധാന ജീവിതം തുടങ്ങിയത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടിയതും തന്റെ കൂടെ കൂട്ടിയതും.
റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെയും വൻ ഹിറ്റായിരുന്നു. ഈ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേർന്നായിരുന്നു. ഹിറ്റ്‌ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ, ഭാസ്‌ക്കർ ദ റാസ്‌ക്കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്തു. ആകെ 29 ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങൾ തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റി. ജനകീയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഗോഡ്ഫാദർ സ്വന്തമാക്കി. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ നിർമിച്ചതും സിദ്ദിഖാണ്.
ഭാര്യ- ഷാജിദ, മക്കൾ- സുമയ്യ, സാറ, സുക്കൂൻ
മരുമക്കൾ- നബീൽ, ഷെഫ്‌സിൻ
Actor Mammootty condoles the death of director Siddique