'ചോറിവിടെയും കൂറവിടെയും, ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചയാൾ'; തൃശൂർ മേയർക്കെതിരെ ആഞ്ഞടിച്ച് വി.എസ് സുനിൽകുമാർ

സംസ്ഥാനത്ത് ഇത്രയും മേയർമാരുണ്ടായിട്ടും തൃശൂർ മേയർക്ക് മാത്രം എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കേക്ക് കൊടുത്തതെന്ന് വി.എസ് സുനിൽകുമാർ

Update: 2024-12-27 04:49 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ മേയർ എം.കെ വർഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനിൽകുമാർ മീഡിയവണിനോട് പ്രതികരിച്ചത്.

"ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂർ മേയർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെപി സ്ഥാനാർഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയർ പ്രവർത്തിച്ചത്.

ഇടതുപക്ഷത്തിൻരെ ചെലവിൽ ബിജെപിക്കായി പ്രവർത്തിക്കുയാണ് മേയർ.സംസ്ഥാന അധ്യക്ഷൻ വീട്ടിൽ പോയി കേക്ക് കൊടുത്തതിൽ തനിക്ക് ആശ്ചര്യമില്ല. നാളെ മേയർ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിക്കായി ഒരു വേദിയിൽ പോലും മേയർ പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല എൻഡിഎ സ്ഥാനാർഥിയെ ബൂസ്റ്റ് ചെയ്യാനായി പദവി ദുരുപയോഗം ചെയ്തു.

ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയർ. തങ്ങൾ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ലെന്നും, മേയറുമായി അഡ്ജസ്റ്റ് ചെയ്ത് പോകുകയാണെന്നും"- വി.എസ് സുനിൽകുമാർ പറഞ്ഞു.

സംസ്ഥാനത്ത് വേറെ എത്രയോ മേയർമാരുണ്ടായിട്ടും തൃശൂരിൽ മാത്രമെന്താണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പോയതെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു.

താൻ എംഎൽഎയായപ്പോൾ നടത്തിയ കോടിക്കണക്കിന് വികസനത്തിന് പകരം എൻഡിഎ സ്ഥാനാർഥി വിജയിച്ചാൽ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയർ പറഞ്ഞത്. മേയറെ അംഗീകരിക്കില്ലെന്നും വി.എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു. എം.കെ വർഗീസുമായി തനിക്ക് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാൽ രാഷ്ട്രീയപരമായി അംഗീകരിക്കില്ലെന്നും സുനിൽകുമാർ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News