'കോടതിയില്‍ പോലും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല': നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത

Update: 2024-04-13 08:58 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രതികരിച്ച് അതിജീവിത.രാജ്യത്തെ ഭരണഘടന തനിക്ക് അനുവദിച്ച തന്റെ സ്വകാര്യതയെന്ന മൗലിക അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് അതിജീവിത പറഞ്ഞു. കോടതിയില്‍ പോലും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അതിജീവിത പറഞ്ഞു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പിച്ച നീചരുമാണെന്ന് അതിജീവിത സമൂഹമാധ്യമത്തില്‍ കുറിച്ചു. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചില്ലെന്ന് കരുതുന്നുവെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അതിജീവിത പറയുന്നു.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ...

എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി,

സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങി മെമ്മറികാര്‍ഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയില്‍ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നതാണ്.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്‍മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ...

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ മൂന്ന് തവണയായി മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News