നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റില്ല; ഹണി എം വർഗീസ് തന്നെ വിചാരണ നടത്തും

ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി

Update: 2022-08-05 02:18 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റില്ല.സെഷൻസ് ജഡ്ജി ഹണി എം വർഗീസ് തന്നെ വിചാരണ നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഇറക്കി. മറ്റന്നാൾ കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതിയിലാണ്. നിലവിൽ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിൻറെ മേൽനോട്ടത്തിലാണ് വിചാരണ.

ജഡ്ജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോൾ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്പെഷ്യൽ ജഡ്ജിയായി മാറ്റിയതിനെ തുടർന്നാണ് കോടതി മാറ്റം. കേസ് ഫയലുകൾ സി.ബി.ഐ കോടതിയിൽ നിന്ന് മാറ്റാൻ ഉത്തരവിറങ്ങി. അഭിഭാഷകർക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അതേസമയം, വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ അതൃപ്തി രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി ഈയിടെ വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.

എന്നാൽ പ്രോസിക്യൂഷൻ അന്വേഷണ വിവരങ്ങൾ ചോർത്തുകയാണോയെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാൽ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News