'എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്ക് തരം താണു'; ഷാഫി പറമ്പിൽ
പരാതികൾ ഒന്നും രഹസ്യമായി പറയാൻ ഇല്ലെന്നും പരസ്യമായി പറയുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാക്കി തന്നാൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു
തിരുവനന്തപുരം: എ.കെ. ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്ക് തരം താണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. എന്തെങ്കിലും വില ഉണ്ടെങ്കിൽ അത് കളയരുത് എന്നാണ് തനിക്ക് പറയാൻ ഉള്ളത്. പരാതികൾ ഒന്നും രഹസ്യമായി പറയാൻ ഇല്ലെന്നും പരസ്യമായി പറയുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാക്കി തന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മുമായോ മുഖ്യമന്ത്രിയുമായോ ഒരു രഹസ്യത്തിനും ഇല്ലെന്നും നവകേരള സദസ്സിൽ പോവാത്തത് സദസ്സ് കൊണ്ട് ജനങ്ങൾക്ക് യാതൊരു ഗുണവും ഇല്ലാത്തത് കൊണ്ടാണെന്നും പറഞ്ഞ അദ്ദേഹം സർക്കാർ ചെലവിൽ പാർട്ടി സമ്മേളനം നടത്തുകയാണെന്നും ആരോപിച്ചു.
സദസ്സിനായി ഇത് വരെ ചെലവാക്കിയ പണം തിരിച്ചടച്ച് പാർട്ടി സമ്മേളനമായി പ്രഖ്യാപിച്ച് പാർട്ടി ചെലവിൽ മുന്നോട്ട് പോകണം. നവകേരള സദസ് പാളിയതിന്റെ ജാള്യത മറയ്ക്കാനാണ് എ.കെ. ബാലന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.