രാജിവെക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍; ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി
ക്ലിഫ്ഹൗസിലെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഫോണ്‍ വിളി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മന്ത്രി എ.കെ ശശീന്ദ്രന്‍. ക്ലിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാരിലെ മന്ത്രി തന്നെ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചത് വഴി ഇടത് മുന്നണിക്ക് ഉണ്ടായിരിക്കുന്ന ക്ഷീണം ചെറുതല്ല. പ്രതിപക്ഷം ഇതിനോടകം തന്നെ ഇത് വലിയ രാഷ്ട്രീയ വിഷയമായെടുത്തിട്ടുണ്ട്. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്.
അതേസമയം, എ.കെ ശശീന്ദ്രനെ ന്യായീകരിക്കുന്ന നിലപാടാണ് എന്‍.സി.പി നേതൃത്വം സ്വീകരിച്ചത്. പീഡന പരാതി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സി.പി.എമ്മിലും കൂടിയാലോചനകള്‍ നടക്കുകയാണ്. ചര്‍ച്ചയ്ക്കു ശേഷം പ്രതികരിക്കാമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.