'അഖിൽ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നിൽവെച്ച് പണം നൽകി'; പരാതിയിൽ ഉറച്ച് ഹരിദാസ്
ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലാണെന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു
മലപ്പുറം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരാതിക്കാരൻ ഹരിദാസ്. അഖിലിന് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പണം നൽകിയിട്ടുണ്ടെന്നും ഹരിദാസ് മീഡിയവണിനോട് പറഞ്ഞു. 'നാലുമണിയോടെയാണ് പണം കൊടുത്തത്. കൃത്യമായി സമയം നോക്കിയിരുന്നില്ല. അന്നേ ദിവസം പത്തനംതിട്ടയിൽ അഖിൽ മാത്യു ഉണ്ടായിരുന്നെങ്കിൽ ഞാൻ പരാതി നൽകുമ്പോൾ അത് ചൂണ്ടിക്കാണിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും' ഹരിദാസ് ചോദിക്കുന്നു.
'പരാതി നൽകിയത് ആഗസ്റ്റ് 17 നാണ്. 20 ദിവസവും ഇതിന് മറുപടി നൽകിയില്ല. പിന്നീട് മന്ത്രിക്ക് പരാതി നൽകാൻ പറഞ്ഞു. ഞാൻ മന്ത്രിയുടെ ഓഫീസ് കാണിച്ചുകൊണ്ട് തട്ടിപ്പ് നടക്കുന്നുണ്ടെന്നും അത് അന്വേഷിക്കാനാണ് ഞാൻ പരാതി നൽകിയത്. ഇപ്പോൾ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്..'ഹരിദാസ് പറഞ്ഞു.
അതേസമയം, ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലാണെന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വൈകിട്ട് കല്യാണ വിരുന്നിലും അഖിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഖിൽ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്.
പരാതിക്കാരനായ ഹരിദാസിന്റെ കുടുംബ സുഹൃത്ത് ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു. ആഗസ്റ്റ് 17 നാണ് ഹരിദാസിന്റെ കുടുംബ സുഹൃത്തായ അഡ്വ. അബ്ദുൽ ബാസിത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തിയത്. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ സജീവൻ, ശ്യാം ശങ്കർ എന്നിവരോട് പരാതി പറഞ്ഞു. ബാസിത്ത് എത്തിയ സമയത്ത് അഖിൽ മാത്യു ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നതായും ഹരിദാസ് പറയുന്നു. അഖിൽ സജീവനാണ് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യുവിനെ പരിചയപെടുത്തിയത്. പണം കൈപറ്റിയ ശേഷം അഖിൽ മാത്യു നേരിൽ കാണാൻ തയ്യാറാവാത്തതിനാലാണ് പരാതി നൽകിയതെന്നും ഹരിദാസ് പറഞ്ഞു.