ഒരു അഡ്മിനിസ്ട്രേറ്ററും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല, വേണ്ടാത്ത നിയമങ്ങള്‍ കൊണ്ടുവരരുത്: പത്മശ്രീ അലി മണിക്ഫാന്‍
'ലക്ഷദ്വീപിൽ ഗുണ്ടാ നിയമത്തിന്‍റെ ആവശ്യമില്ല. കുറ്റകൃത്യമില്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ്'
ആവശ്യമില്ലാത്ത നിയമങ്ങൾ ലക്ഷദ്വീപിൽ നടപ്പാക്കരുതെന്ന് സമുദ്ര ഗവേഷകനായ പത്മശ്രീ അലി മണിക്ഫാൻ. ലക്ഷദ്വീപിൽ ഗുണ്ടാ നിയമത്തിന്‍റെ ആവശ്യമില്ല. കുറ്റകൃത്യമില്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഏതെങ്കിലും ഭക്ഷണം കഴിക്കരുതെന്ന് എങ്ങനെ പറയുമെന്നും ഗോവധ നിരോധനം ചൂണ്ടിക്കാട്ടി മണിക്ഫാൻ ചോദിക്കുന്നു. ഒരു അഡ്മിനിസ്ട്രേറ്ററും ഇതുപോലുള്ള നടപടികൾ എടുത്തിട്ടില്ലെന്നും മണിക്ഫാൻ മീഡിയവണിനോട് പറഞ്ഞു.
"ജനിച്ചുവളര്‍ന്നത് മിനിക്കോയ് ദ്വീപിലാണ്. ഒന്‍പത് വയസ്സായപ്പോള്‍ കണ്ണൂരില്‍ പഠിക്കാനായി വന്നു. പിന്നെ പോയും വന്നും ഇരുന്നു. അവിടെ പുതിയ നിയമങ്ങളൊക്കെ കൊണ്ടുവരുന്നെന്ന് പറയുന്നുണ്ട്. ബിജെപിയുടെ ആളുകളാണല്ലോ ഇപ്പോ. ലക്ഷദ്വീപില്‍ ഗുണ്ടാനിയമത്തിന്‍റെ ആവശ്യമില്ലല്ലോ. അവിടെ കുറ്റകൃത്യങ്ങളില്ല. ഗോവധ നിരോധനം എന്തിനാണ്? പലരും പലതാണ് തിന്നുന്നത്. ഞാന്‍ തിന്നുന്നത് തന്നെ നിങ്ങളും തിന്നണം എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലല്ലോ. അതാണല്ലോ ഇന്ത്യന്‍ ഭരണഘടന പറയുന്നത്. മത്സ്യബന്ധനം നടത്തുന്നവരുടെ ബോട്ടുകള്‍ വെയ്ക്കാനാണ് ഷെഡുകള്‍. അത് പൊളിച്ചുമാറ്റിയാല്‍ പിന്നെ എവിടെവെയ്ക്കും?
അവിടെ എത്രയോ അഡ്മിനിസ്ട്രേറ്റര്‍മാര്‍ വന്നിട്ടുണ്ട്? ആരും ഇങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. ദ്വീപുകാരുടെ കാര്യം മുടങ്ങുന്ന, അസ്വസ്ഥതയുണ്ടാകുന്ന സാഹചര്യമാണ്. പഠിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ. വേണ്ടാത്ത നിയമങ്ങളൊന്നും കൊണ്ടുവരരുത്. അവിടെയുള്ള ജനങ്ങളുമായി കൂടിയാലോചിച്ചേ ചെയ്യാവൂ".