കാസർകോട്-തിരുവനന്തപുരം വേഗ റെയിൽപാത കടന്നുപോകുന്നത് ഇതിലേ; പരിശോധിക്കാം ഓരോ പ്രദേശവും
നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ പിന്നിട്ട് കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളാണുള്ളത്.
കാസർകോട് മുതൽ തിരുവനന്തപുരം നിർമിക്കുന്ന പുതിയ വേഗ റെയിൽപാത കടന്നുപോകുന്ന പ്രദേശങ്ങളുടെ മാപ്പ് കെ-റെയിൽ അധികൃതർ പുറത്തുവിട്ടു. Kerlarail.com എന്ന വെബ്‌സൈറ്റിൽ ഇതിന്‍റെ ഭൂപടം ലഭ്യമാണ്.
നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ പിന്നിട്ട് കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തീരുമാനിച്ചിരിക്കുന്നത്. കാക്കനാട് സ്റ്റേഷനു പുറമെ കൊച്ചി വിമാനത്താവളത്തിൽ പുതിയ സ്റ്റേഷനുണ്ടാകുമെന്നാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം-എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറായിരിക്കുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകുന്ന ഈ പാതയില്‍ ഒൻപതു കോച്ചുകൾ വീതമുള്ള ഇലക്ട്രിക് മൾട്ടിപ്പിൾയൂണിറ്റ് ആണ് ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാൻഡേർഡ് ക്ലാസും ഉൾപ്പെടുന്ന ഒരു ട്രെയിനിൽ 675 പേർക്കാണ് ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്നത്. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിൻ സർവീസ് നടത്തുന്നതിനാൽ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ വീട്, കെട്ടിടം, വൃക്ഷം എന്നിവയ്ക്ക് മൂല്യത്തിന്‍റെ ഇരട്ടി നഷ്ടപരിഹാരം നൽകും. 15 മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ ഉടൻ നടത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം.
നിലവിലെ പദ്ധതിരേഖ അനുസരിച്ച് പാത കടന്നുപോകുന്ന അലൈൻമെന്‍റിന്‍റെ രൂപരേഖയുടെ മാപ്പ് കെ-റെയിലിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ( https://keralarail.com/alignment-of-silver-line-corridor )
രൂപരേഖ ഇവിടെ പരിശോധിക്കാം.