പെരിയ ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമനടക്കം നാല് പ്രതികളുടെ ശിക്ഷക്ക് സ്റ്റേ
പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന് ആശ്വാസം
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.അപ്പീലില്‍ സിബിഐയോട് ഹൈക്കോടതി വിശദീകരണം തേടി.
പെരിയ ഇരട്ട കൊലപാതക കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നീ പ്രതികളാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. രണ്ടുവർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന ഐപിസി 225 പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ സിബിഐ കോടതി വിധിച്ചതാവട്ടെ, അഞ്ചുവർഷം തടവ്. ഇത് ചോദ്യം ചെയ്തായിരുന്നു സിപിഎം നേതാക്കളുടെയും അപ്പീൽ. അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു. നാലുപേർക്കും ഹൈക്കോടതി ജാമ്യവും അനുവദിച്ചു. അപ്പീലിൽ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
ചെറിയ കാലയളവിലെ ശിക്ഷാവിധികൾ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയുടെ മാർഗനിർദേശങ്ങൾ ഉണ്ടെന്നും ഇതനുസരിച്ച് ശിക്ഷാവിധി മരവിപ്പിക്കുന്നു എന്നുമായിരുന്നു ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കുറ്റമായിരുന്നു കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റം. ശിക്ഷ മരവിപ്പിച്ചതോടെ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലുള്ള പ്രതികൾക്ക് ജാമ്യത്തിലിറങ്ങാം.